Wednesday, August 30, 2006

പടിഞ്ഞാറേക്കരയിലെ ഒരു സുദീര്‍ഘ വാരാന്തം

തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിനു ശേഷമാണെന്നു തോന്നുന്നു. ഉമേഷ്മാഷ്‌ അമേരിക്കയില്‍ വന്നിട്ട്‌ അധികകാലമായിട്ടില്ല. ബോസ്റ്റണില്‍ ആധാരമെഴുത്തു ലൈസന്‍സിയും സ്റ്റാമ്പ്‌ വേണ്ടറുമായി കക്ഷിയും, ഹോളിവുഡ്‌ കുന്നിനെ എതിര്‍പാര്‍ക്കുന്ന കൃഷീവലന്‍മാരുടെ (ഫാര്‍മേഴ്സ്‌ ഇന്‍ഷുറന്‍സ്‌ ഗ്രൂപ്പ്‌) ദേഹണ്ഡക്കാരനായി ഞാനും വിലസുന്ന സമയം.

മൂന്നുദിവസമോ അതിലധികമോ നീളമുള്ള വാരാന്തങ്ങളില്‍ വീടിനുള്ളില്‍ത്തന്നെ കഴിച്ചുകൂട്ടുന്നത്‌ ഒരു കൊടും പാതകമായി ഇന്നാട്ടുകാരും, അവരുടെ ചുവടുപിടിച്ച്‌, കോരപ്പുഴയ്ക്കു തെക്കുനിന്നും വടക്കുനിന്നും തെണ്ടിത്തിരിഞ്ഞുവന്നുചേര്‍ന്ന ഹീനജാതികളായ നമ്മുടെ പിള്ളേരും കരുതിയിരുന്നു.

അപ്രകാരം ഒരു നീണ്ട വാരാന്തത്തില്‍ ശാന്തസമുദ്രക്കരയിലേക്കുവന്ന്‌ നമ്മുടെ ചെറ്റക്കുടിലില്‍ വിരുന്നുണ്ടുപാര്‍ക്കാനും പ്രാന്തപ്രദേശങ്ങള്‍ കാണാനുമായി ഉമേഷ്മാഷിനെ ഞാന്‍ ക്ഷണിച്ചു. അക്കാലത്ത്‌ കല്യാണംകഴിയാത്ത തലമുറിയന്‍ ചെക്കനായിരുന്ന മഹര്‍ഷി, ചിറകുവിരിവുള്ള നല്ല ജനുസ്സില്‍പ്പെട്ട ഒരു വിമാനം പിടിച്ച്‌, ഏഴുമണിക്കൂറ്‍ പറന്ന്‌ രായ്ക്കുരാമാനം ഇവിടെയെത്തി.

മഹര്‍ഷിയുടെ മാഹാത്മ്യം തിരിച്ചറിയാതിരുന്ന വിമാനത്തിലെ വൃഷളി നങ്ങ്യേമ, എല്ലാവര്‍ക്കും കൊടുത്തപോലെ ഒരു കുട്ടിവീപ്പ കൊക്കക്കോളയും, പന്ത്രണ്ടു നിലക്കടലയും മാത്രമേ ആ ഏഴുമണിക്കൂറ്‍ യാത്രയില്‍ അദ്ദേഹത്തിനും കൊടുത്തിരുന്നുള്ളു.
------- -------- -------
മഹര്‍ഷി പര്‍ണ്ണശാലയില്‍നിന്നു പുറപ്പെട്ട്‌ വ്യോമപഥം താണ്ടി ഭൂമിയിലിറങ്ങുന്നതിനുള്ളില്‍, ചേരന്‍-ചെങ്കുട്ടവന്റെ പരമ്പരയില്‍പെട്ട ചില തമിഴ്‌ സഹപ്രവര്‍ത്തകരും ഞാനും കൂടി നടത്തിയ ഗൂഢാലോചനയുടെ ഫലമായി, വേറൊരു കാര്യപരിപാടി ഉരുത്തിരിയുകയും, തന്മൂലം മഹര്‍ഷിയെ ലോസാഞ്ചലസും ഹോളിവുഡ്ഡും കാണിക്കാനിട്ടിരുന്ന പ്ലാന്‍ അട്ടിമറിക്കേണ്ടിവരികയും ചെയ്തു.

ഇവിടെയെത്തി, സ്നാന, തര്‍പ്പണ, ആഹാര നീഹാരാദികള്‍ കഴിച്ചു യാത്രാക്ഷീണമകറ്റിയ മുനിവര്യനോട്‌, ഹോളിവുഡ്ഡും മറ്റും ഇനിയൊരവസരത്തില്‍ കാണാമെന്നും, പകരം തമിഴ്‌ മന്‌ട്രത്തില്‍ തത്‌കാല്‍ വ്യവസ്ഥയില്‍ ചേര്‍ന്ന് , ലാസ്‌ വേഗസിലെ മുച്ചീട്ടുകളിയും, കിലുക്കിക്കുത്തും, ബാക്കിയുള്ള സമയത്തിന്‌ ഗ്രാന്‍ഡ്‌ കാന്യന്‍ മഹാഗര്‍ത്തങ്ങളും കണ്ട്‌ സായൂജ്യമടയാമെന്നും അര്‍ത്ഥശങ്കയ്ക്കിടമില്ലാത്ത വിധത്തില്‍ ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ പാടി ബോധിപ്പിച്ചു.

തായ്‌കുലസൈന്യാധിപനായ എബനേസര്‍ പാണ്ഡ്യനെ വിളിച്ച്‌, ആറടി നീളവും, അതിനൊത്ത വീതിയുമുള്ള, ദുശ്ശീലങ്ങളേതും തൊട്ടുതീണ്ടാത്ത ഒരുദിവ്യാത്മാവിനേക്കൂടി പടയോട്ടത്തില്‍ ഉള്‍പ്പെടുത്തിയ കാര്യമറിയിച്ചപ്പോള്‍, സൈന്യാധിപന്റെ ഭാര്യയ്ക്കും മകള്‍ക്കും പുറമേ, വന്ദ്യവയോധികനായ പിതാവു കൂടി പടപ്പുറപ്പാടിനൊരുങ്ങുന്നുണ്ടെന്ന വിവരം അദ്ദേഹമെന്നേയുമറിയിച്ചു. (എബനേസര്‍ എന്നത്‌ പൂജകബഹുവചനമായതിനാല്‍, എബനേസന്‍ എന്നേ വിളിക്കാവൂ എന്നറിയാമായിരുന്നെങ്കിലും, അദ്ദേഹവും കുടുംബവും സമീപകാലത്ത്‌ കൃസ്തുമതം സ്വീകരിച്ച ഹൈന്ദവരായിരുന്നതിനാല്‍, എബനേശ്വരന്‍ എന്നുവിളിക്കാമെന്ന എന്റെ എളിയ നിര്‍ദ്ദേശം മഹര്‍ഷി രണ്ടാമതൊന്നാലോചിക്കാതെ ശരിവച്ചു).

അങ്ങനെ, രണ്ട്‌ ഭീമന്‍ കാറുകള്‍ വാടകയ്ക്കെടുത്ത്‌, ഞാനും ഭാര്യയും, മഹര്‍ഷി, പാണ്ഡ്യന്‍ കുടുംബം, സേവ്യര്‍ എന്നു പേരായ മറ്റൊരു തമിഴ്‌ സുഹൃത്തും ഭാര്യയും - ഇത്രയും പേര്‍, പിറ്റേന്ന്‌ മഞ്ഞപ്പതിറ്റടിയ്ക്ക്‌ പുറപ്പെട്ട്‌, മുന്നൂറു മൈലകലെയുള്ള വേഗസിലേയ്ക്കും, അവിടെനിന്ന്‌ വീണ്ടുമൊരു നാനൂറു മൈലകലെയുള്ള ഗ്രാന്‍ഡ്‌ കാന്യനിലേക്കും പോയിവരാമെന്നുള്ള തീരുമാനം അന്തിമമാക്കി - റിട്ടണ്‍ ഇന്‍ സ്റ്റോണ്‍.

വീട്ടില്‍ തിരിച്ചെത്തുന്നതുവരെയുള്ള ഉദരപൂരണത്തിന്‌ ഒരു കുണ്ടലി ഇഡ്ഡലിയും, അവനെ കുതിര്‍ത്താനാവശ്യമായ വെങ്കായ സാമ്പാര്‍, മൊളഹാപ്പൊടി, നല്ലെണ്ണ എന്നീ അനുസാരികളും ഐസുപെട്ടിയിലാക്കി കൊണ്ടുപോകാമെന്ന തമിഴ്‌ മനൈവികളുടെ നിര്‍ദ്ദേശത്തിനു മലയാളി മങ്ക എതിരൊന്നും പറഞ്ഞില്ല.

(തുടരും)
അറിയിപ്പ്‌: ജോലിസ്ഥലത്ത്‌, പ്രധാനപ്പെട്ടൊരു പ്രോജക്ടിന്റെ കുണ്ഡലിനീ പ്രവാഹം നിലയ്ക്കുകയും, അപാനവായു കോപിക്കുകയും ചെയ്തതു മൂലം ഇന്നും നാളെയും അച്ചുക്കൂടം അടച്ചിടാന്‍ നോം നിര്‍ബ്ബന്ധിതനായ വിവരം തെര്യപ്പെടുത്തുന്നു. പ്രോജക്ടിന്റെ പുലകുളിയടിയന്തിനുശേഷം കഥയുടെ ബാക്കിഭാഗമെഴുതാം. ക്ഷമിയ്ക്കുക.